പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ എസ്എഫ്‌ഐ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ഒരു ലക്ഷം കത്തുകള്‍ അയയ്ക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന നേതാവ് സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് സോണിയാ ഗാന്ധി മനസിലാക്കണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നെന്നേക്കുമായി കേരള രാഷ്ട്രീയത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടണം.
കേരളത്തിലെ എസ്എഫ്‌ഐ പ്രതിനിധികളായ പെണ്‍കുട്ടികളും വിദ്യാര്‍ത്ഥിനികളുമായിരിക്കും സോണിയാ ഗാന്ധിക്ക് കത്തെഴുതുക. പ്രിയങ്ക ഗാന്ധിയും മഹിളാ കോണ്‍ഗ്രസിന്റെ നേതാക്കളും കെഎസ്‌യുവിന്റെ വനിതാ വിംഗും കോണ്‍ഗ്രസിന്റെ വനിതാ എംപിമാരും ഉത്തരവാദിത്തത്തോടെ ഈ വിഷയത്തിൽ ഇടപെടണം. രാഹുൽ തിരിച്ചുവരികയാണെങ്കില്‍ അത് ഇരകളെ വേട്ടയാടുന്നതിന് തുല്യമായിരിക്കുമെന്ന് സഞ്ജീവ് കൂട്ടിച്ചേർത്തു.