ആലപ്പുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ "കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ജില്ലയാണ് ആലപ്പുഴ" എന്ന വിമർശനത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് രംഗത്തെത്തി. ആലപ്പുഴയുടെ കാറ്റ് ഏറ്റാൽ മന്ത്രിയുടെ "ചിത്തഭ്രമം" കുറച്ച് ഭേദമായേക്കുമെന്ന് ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.(SFI State President gives a fitting reply to Suresh Gopi)
"ചെരുപ്പ് ഊരി വീട്ടിൽ കയറുന്നത് പോലെയാണ് ബുദ്ധിയും ബോധവും ഉപേക്ഷിച്ച് ആർഎസ്എസിൽ ചേരുന്നത്. ഇതിൻ്റെ നല്ല ഉദാഹരണമാണ് കേന്ദ്ര പ്രജാ പ്രമുഖൻ സുരേഷ് ഗോപി. ആലപ്പുഴയുടെ സമര ചരിത്രത്തെ അപഹസിക്കുന്ന ഈ മന്ത്രിപുങ്കവൻ ഇവിടേക്ക് വന്ന് ആലപ്പുഴയുടെ കാറ്റ് ഏറ്റാൽ, മണ്ണിൽ ഒന്ന് തൊട്ടാൽ ഒരു പക്ഷെ മറ്റ് ചികിത്സകളില്ലാതെ ബാധിച്ചിരിക്കുന്ന ചിത്തഭ്രമം കുറച്ച് ഭേദം ആയേക്കുമെന്ന് പ്രത്യാശിക്കാം." അദ്ദേഹം പറഞ്ഞു.
"ആലപ്പുഴയിലെ കാറ്റിനും, കടലിനും, മണ്ണിനും, വിണ്ണിനുമെല്ലാം ഒരു കഥ പറയാനുണ്ട്. ത്രസിപ്പിക്കുന്ന തൊഴിലാളി വർഗ്ഗ പോരാട്ടത്തിൻ്റെ ഉജ്ജ്വല സമര ചരിത്ര കഥ." എന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു. ആലപ്പുഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തെ വിമർശിച്ച സുരേഷ് ഗോപിക്കെതിരെ ശക്തമായ ഭാഷയിലാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചത്.