തൃശൂർ: കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിനെതിരെ തൃശൂർ മണ്ണൂത്തി കാർഷിക സർവകലാശാലയിൽ എസ്എഫ്ഐയുടെ (SFI) നേതൃത്വത്തിൽ വൻ പ്രതിഷേധം. ഫീസ് വർധന പിൻവലിക്കാതെ ഉദ്യോഗസ്ഥരെ പുറത്തുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ഇതോടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.(SFI stages massive protest at Mannuthi Agricultural University on Fee hike)
ഫീസ് വർദ്ധന പിൻവലിക്കാതെ ഇന്നത്തെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ പ്രവർത്തകർ. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയിൽ ഫീസ് വർദ്ധിപ്പിച്ചത് നീതീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.
"എസ്എഫ്ഐയുടെ സമരം പ്രഹസനം അല്ല. കെഎസ്‌യുവിനെയും എഐഎസ്എഫിനെയും കാണുമ്പോഴുള്ള പോലീസ് ആവേശം എസ്എഫ്ഐയോട് വേണ്ട," അദ്ദേഹം വ്യക്തമാക്കി.
ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിച്ചാണ് എസ്എഫ്ഐയുടെ സമരം. ഡെപ്യൂട്ടി രജിസ്ട്രാറുമായി എസ്എഫ്ഐ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ആരും ചർച്ചയ്ക്ക് തയ്യാറായില്ലെന്നും എസ്എഫ്ഐ ആരോപിച്ചു.
പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ (സിപിഎം) എഐഎസ്എഫ്-എഐവൈഎഫ് എന്നിവർ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ്, സിപിഐ മന്ത്രി കൈകാര്യം ചെയ്യുന്ന കൃഷിവകുപ്പിന് കീഴിലുള്ള സർവകലാശാലയ്ക്കെതിരെ എസ്എഫ്ഐയുടെ ഈ ശക്തമായ സമരം.