കൊച്ചി : പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എസ് എഫ് ഐ രംഗത്തെത്തി. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് ആണ് ഫേസ്ബുക്ക് കുറിപ്പുമായി എത്തിയത്. മതനിരപേക്ഷ വിദ്യാഭ്യാസത്തിൻ്റെ ലോക മാതൃകയായ കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന് സ്‌കൂൾ പ്രിൻസിപ്പലിന് നന്ദിയെന്നാണ് അദ്ദേഹം പറഞ്ഞത്. (SFI on Hijab controversy in school)
ഛത്തീസ്ഗഢിൽ തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ അക്രമിക്കുമ്പോൾ അവരുടെ വസ്ത്രം കൂടി ആയിരുന്നു സംഘപരിവാറിന്റെ പ്രശ്നമെന്ന് മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംഘപരിവാരം ചുട്ടെരിച്ചു കളഞ്ഞ ഗ്രഹാം സ്റ്റെയിൻ എന്ന മിഷനറിയെ മറക്കരുതെന്നും, വർഗീയ വാദികൾ ഭരിക്കുന്ന വർത്തമാനകാല ഇന്ത്യയെക്കുറിച്ചും മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതെല്ലാം ഓർമ്മയിൽ ഉണ്ടാകാൻ വേണ്ടി കൂടി പ്രാർത്ഥിക്കുന്നത് നന്നായിരിക്കുമെന്നും, എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യം എന്നും ശിവപ്രസാദ് വ്യക്തമാക്കി.