തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. എസിപി വി.എസ് ദിനരാജ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിസിപി ദീപക് ദിന്‍കറിന് ആണ് മേല്‍നോട്ട ചുമതല.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ സാധിക്കില്ല. സ്പെഷ്യൽ ടീം ഉടൻ തന്നെ സജ്ജമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തി ഭ്രൂണഹത്യ നടത്തിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . ഗർഭിണിയാണെന്നറിഞ്ഞിട്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ഭ്രൂണഹത്യക്ക് നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. ഗർഭഛിദ്രത്തിനുളള മരുന്നെത്തിച്ച രാഹുലിന്‍റെ സുഹൃത്ത് ജോബി ജോസഫും പ്രതിയാണ്. കേസിന് പിന്നാലെ ഒളിവിൽ പോയ രാഹുലിനായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി.
കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതിയില്‍ അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ പ്രേരിതമായ പരാതിയെന്നാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. കേസിന് പിന്നില്‍ ബിജെപി – സിപിഐഎം കൂട്ടുകെട്ടാണ്. അതിജീവിത ഫേസ്ബുക്കിലൂടെ തന്നെയാണ് ബന്ധപ്പെട്ടത് എന്നും രാഹുല്‍ പറയുന്നു.
നടന്നത് ഉഭയ കക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ്. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാതെ മുഖ്യമന്ത്രിക്ക് പറത്തി നല്‍കിയത് അത് വ്യക്തമാക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് നൽകിയ പരാതിയിൽ ഇന്ന് രാവിലെയാണ് വലിയമല സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കുറ്റകൃത്യം നടന്ന നേമം സ്റ്റേഷനിലേക്ക് മാറ്റി. ക്രൂര ലൈംഗീക പീഡനത്തിന്‍റെ വിവരങ്ങളാണ് രാഹുൽ ഒന്നാം പ്രതിയായ എഫ്ഐആറിലുളളത്.