
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും കാസ്റ്റിങ് കൗച്ചിനെതിരെ കര്‍ശനമായ നടപടി ഉണ്ടാകണമെന്നും ലക്ഷ്യമിട്ട് സർക്കാർ സംഘടിപ്പിക്കുന്ന ‘കേരള ഫിലിം പോളിസി കോണ്‍ക്ലേവ്' സിനിമാ നയരൂപീകരണ കരട് റിപ്പോർട്ട്. പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത സിനിമാ മേഖലയില്‍ കണ്ടുവരുന്നുണ്ടെന്നും ഇതിനെതിരെ കടുത്ത നടപടി വേണമെന്നും സിനിമാ നയരൂപീകരണ കരടില്‍ പറയുന്നു. സിനിമാ മേഖലയില്‍ സമഗ്ര മാറ്റങ്ങളാണ് ഇന്ന് ആരംഭിക്കുന്ന കോണ്‍ക്ലേവ് മുന്നോട്ടുവയ്ക്കുന്നത്.
കാസ്റ്റിങ്ങിലും നിയമനത്തിലും ലൈംഗികചൂഷണത്തിനെതിരെ കര്‍ശന നയങ്ങള്‍ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ ഉറപ്പാക്കണമെന്ന് കരട് നിര്‍ദേശിക്കുന്നു. "ലൈംഗികാതിക്രമവും വിവേചനവും അനുവദിക്കരുത്. കുറ്റക്കാരെ പുറത്താക്കുകയും ബ്‌ളാക്ക് ലിസ്റ്റ് ചെയ്യുകയും വേണം. പ്രഫഷനല്‍ കാസ്റ്റിങ് ഡയറക്ടര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കണം. അനഭിലഷണീയമായ പ്രവൃത്തികള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഓഡിഷനുകളില്‍ സിനിമയുടെ ഭാഗമല്ലാത്ത രണ്ടു വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കണം. ഓഡിഷന് കേന്ദ്രീകൃത പ്രോട്ടോക്കോള്‍ വേണം. കാസ്റ്റിങ് ചൂഷണം റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വതന്ത്രവും രഹസ്യവുമായ സംവിധാനം ഒരുക്കണം." - കരട് രേഖയില്‍ പറയുന്നു.
"ലൈംഗികാതിക്രമം തടയുന്ന ‘പോഷ്’ നിയമം കര്‍ശനമായി നടപ്പാക്കണം. ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പ് പോഷ് കംപ്ലലന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. ഓരോ ഷെഡ്യൂളിന്റെയും തുടക്കത്തില്‍ പോഷ് അവബോധ സെഷനുകള്‍ സംഘടിപ്പിക്കണം. പോഷ് പാലിക്കാത്ത പക്ഷം നിര്‍മാണ കമ്പനികള്‍ക്കു ശിക്ഷ നല്‍കണം. സിനിമാ മേഖലയില്‍ ഏകീകൃത പെരുമാറ്റച്ചട്ടം വേണം. സെറ്റുകളില്‍ ശുചിമുറിയും വിശ്രമമുറിയും ഉറപ്പാക്കണം. അനീതിക്കെതിരെ സംസാരിക്കുന്നവര്‍ക്ക് സംഘടിതമായ ആക്രമണം നേരിടേണ്ടിവരുന്ന സാഹചര്യമുണ്ടാകാറുണ്ട്, ഇത് തടഞ്ഞു അവർക്ക് സംരക്ഷണം നല്‍കണം. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരായ സൈബർ അധിക്ഷേപങ്ങള്‍ തടയാന്‍ നടപടി വേണം." - കരടില്‍ നിർദ്ദേശിക്കുന്നു.
'നല്ല സിനിമ, നല്ല നാളെ' എന്ന ലക്ഷ്യത്തോടെ ജനാധിപത്യ പ്രക്രിയയിലൂടെ ചലച്ചിത്ര നയം രൂപീകരിക്കുകയാണു കോണ്‍ക്ലേവിന്റെ ലക്ഷ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം ആദ്യമാണ് കോണ്‍ക്ലേവ് നടക്കുന്നത്. ചലച്ചിത്ര മേഖലയിലെ വനിതകള്‍ മുന്നോട്ടുവച്ച ആശയങ്ങളും അഭിപ്രായങ്ങളും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. 'മലയാള സിനിമയിലെ ലിംഗനീതിയും ഉള്‍ക്കൊള്ളലും' എന്ന വിഷയത്തില്‍ പ്രത്യേക സെഷന്‍ നടത്തും. ഇതിനു പുറമേ 8 വിഷയങ്ങളില്‍ സമഗ്ര ചര്‍ച്ച നടക്കും. അഞ്ഞൂറോളം പ്രതിനിധികളാണ് 2 ദിവസത്തെ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.
രാജ്യത്ത് ഇതിനകം സിനിമാനയം രൂപീകരിച്ച സംസ്ഥാനങ്ങള്‍, നാഷനല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയം എന്നിവയുടെ പ്രാതിനിധ്യമുണ്ടാകും.