പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർദ്ധരാത്രിയോടെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരി വിദേശത്താണ് എന്നാണ് സൂചന. നാളെ നാട്ടിൽ എത്തിയേക്കുമെന്നും വിവരങ്ങളുണ്ട്. ഇവരുടെ മൊഴിയെടുത്തത് വീഡിയോ കോൺഫറൻസ് വഴിയാണ്. (Sexual assault case, Rahul Mamkootathil MLA arrested)
ഇന്നലെ അർദ്ധരാത്രി 12.30-ഓടെ കസ്റ്റഡിയിൽ എടുത്ത ഇയാളെ പുലർച്ചെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.
എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് കേസന്വേഷിക്കുന്നത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നീക്കങ്ങൾ. അതീവ രഹസ്യമായാണ് പോലീസ് നീക്കങ്ങൾ നടത്തിയത്. ലോക്കൽ പോലീസിനെ പോലും അറിയിക്കാതെയായിരുന്നു പരിശോധനയും കസ്റ്റഡിയും. രാഹുൽ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടൽ മുറി പോലീസ് നിരീക്ഷണത്തിലായിരുന്നു. തെളിവുകളെല്ലാം കൃത്യമായി ശേഖരിച്ച ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. എംഎൽഎയുടെ അറസ്റ്റ് വിവരം അദ്ദേഹത്തിന്റെ അഭിഭാഷകരെ അറിയിച്ചിട്ടുണ്ട്.
അറസ്റ്റിന് പിന്നാലെ പത്തനംതിട്ട എ.ആർ ക്യാമ്പ് പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയാക്കിയ ശേഷം രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. നേരത്തെയും സമാനമായ രണ്ട് കേസുകളിൽ രാഹുലിനെതിരെ അന്വേഷണം നടന്നിരുന്നു. മൂന്നാമത്തെ പരാതി കൂടി എത്തിയതോടെ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തുന്നത്.
ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് പിടികൂടിയത് അതീവ രഹസ്യമായ നീക്കങ്ങളിലൂടെ. ശനിയാഴ്ച അർദ്ധരാത്രി 12.30-ഓടെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്നാണ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം എംഎൽഎയെ പിടികൂടിയത്ത്.
ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം ഹോട്ടലിൽ താമസിക്കുകയായിരുന്ന രാഹുൽ എത്തിയ സമയം മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. രണ്ട് ജീപ്പുകളിലായെത്തിയ സംഘം ഹോട്ടലിൽ കയറിയ ഉടൻ റിസപ്ഷനിലുണ്ടായിരുന്ന ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. തുടർന്ന് എംഎൽഎയുടെ മുറിയിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ആദ്യം പുറത്തിറങ്ങാൻ വിസമ്മതിച്ച രാഹുൽ, അഭിഭാഷകനെ കാണാൻ സമയം ചോദിച്ചെങ്കിലും പോലീസ് അനുവദിച്ചില്ല. സഹായികൾ മുറിയിലില്ലാത്ത സമയം നോക്കിയായിരുന്നു പോലീസിന്റെ ഈ മിന്നൽ നീക്കം.
കസ്റ്റഡിയിലെടുത്ത ശേഷം രാഹുലിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ തുടക്കത്തിൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ആലത്തൂരിലേക്ക് കൊണ്ടുപോകുന്നു എന്നാണ് പോലീസ് അറിയിച്ചതെന്ന് എംഎൽഎയുടെ പി.എ പറഞ്ഞുവെങ്കിലും അവിടെ എത്തിച്ചിരുന്നില്ല. ഒടുവിൽ പത്തനംതിട്ട പോലീസാണ് കസ്റ്റഡിയിലെടുത്തതെന്നും രാഹുലിനെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയതായും സ്ഥിരീകരിച്ചു.
രാഹുലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ ബലാത്സംഗക്കേസാണിത്. ഇ-മെയിൽ വഴി യുവതി അയച്ച പരാതിയിലാണ് പുതിയ നടപടി. നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, സാമ്പത്തിക ചൂഷണം. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതിയിൽ നിന്ന് എംഎൽഎ മുൻകൂർ ജാമ്യം നേടിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. യുവതി നൽകിയ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നിലവിൽ വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസിങ് വഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴിയാണ് രാഹുലിനെ പരിചയപ്പെടുന്നത്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് സൗഹൃദം സ്ഥാപിച്ച രാഹുൽ, വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
രാഹുൽ നിർദ്ദേശിച്ച ഹോട്ടലിൽ മുറി ബുക്ക് ചെയ്ത് എത്തിയപ്പോൾ, സംസാരിക്കാൻ പോലും തയ്യാറാവാതെ തന്നെ ക്രൂരമായി ലൈംഗികമായി ആക്രമിച്ചു. മർദ്ദനമേറ്റതായും ശരീരമാകെ പരിക്കേറ്റതായും പരാതിയിൽ പറയുന്നു. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ കുഞ്ഞിന്റെ പിതൃത്വത്തെ രാഹുൽ ചോദ്യം ചെയ്തു. ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും രാഹുൽ സമ്മതിച്ചില്ല. തുടർന്നുണ്ടായ ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ ഗർഭം അലസി.
പാലക്കാട് ഫ്ലാറ്റ് വാങ്ങാനെന്ന പേരിൽ സാമ്പത്തിക സഹായം കൈപ്പറ്റിയതിനൊപ്പം, വിലകൂടിയ വാച്ചുകൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയും തന്നിൽ നിന്നും വാങ്ങിച്ചതായി യുവതി ആരോപിക്കുന്നു. നേരത്തെ മറ്റ് ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോൾ താനും പരാതി നൽകുമെന്ന് മനസ്സിലാക്കിയ രാഹുൽ, തന്റെ കുടുംബത്തെയും മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
എസ്ഐടി മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട എ.ആർ ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർദ്ധരാത്രി പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. യുവതി നാളെ നാട്ടിലെത്തുമെന്നാണ് വിവരം. ഇതിന് ശേഷം നേരിട്ടുള്ള മൊഴിയെടുക്കലും തെളിവെടുപ്പും ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും. അതീവ രഹസ്യമായി നീങ്ങിയ പോലീസ്, എംഎൽഎയുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ച ശേഷമാണ് ഇത്തരമൊരു നീക്കം നടത്തിയത്.