തിരുവനന്തപുരം : ലൈംഗികാതിക്രമ പരാതിയിൽ പ്രതിയായ ഇടത് സഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന് പി.ടി.കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.
അന്വേഷണ പുരോഗതിയറിയിച്ച് മറ്റന്നാള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കന്റോണ്‍മെന്റ് പൊലീസിനു കോടതി നിര്‍ദേശം നല്കി. സംവിധായികയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വരുംദിവസങ്ങളില്‍ രേഖപ്പെടുത്തും.
വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്.
നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.