

തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. പുതിയ ശബ്ദരേഖകൾ ഉൾപ്പെടെ പുറത്തുവന്നതിനു പിന്നാലെ യുവതി നേരിട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തി പരാതി നൽകി. ക്രൈം ബ്രാഞ്ച് സംഘത്തിൻ്റെ തുടർ നീക്കങ്ങൾ ഈ കേസിൽ നിർണ്ണായകമാകും.
ലൈംഗികാരോപണം സംബന്ധിച്ച് കൂടുതൽ ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് യുവതിയുടെ നീക്കം.കുറേക്കാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നുവെന്നും അധിക്ഷേപവും ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നൽകിയതെന്നും റിപ്പോർട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും യുവതി അറിയിച്ചിട്ടുണ്ട്.
യുവതിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള സംഭാഷണങ്ങളും ചാറ്റുകളുമാണ് പുറത്തുവന്നിരിക്കുന്നത്.ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.പുറത്തുവന്ന ചാറ്റിൽ കുഞ്ഞിനെ വേണമെന്ന് രാഹുൽ ആവശ്യപ്പെടുന്നതായി പറയുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.