പാലക്കാട് : തനിക്കെതിരെയുള്ള പീഡനപരതിക്ക് പിന്നിൽ സ്വത്ത് തർക്കമാണെന്ന് പറഞ്ഞ് ബി ജെ പി നേതാവ് സി കൃഷ്ണകുമാർ. ഇതിൽ കഴമ്പില്ലെന്നും, നനഞ്ഞ പടക്കം പോലെയാണെന്നും. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (Sexual abuse complaint against C Krishnakumar)
യുവതി 2014ൽ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും, രണ്ടു പീഡന പരാതികളാണ് അവർ ഉന്നയിച്ചതെന്നും പറഞ്ഞ അദ്ദേഹം, സ്വത്ത് തർക്ക കേസിന് ബലം കിട്ടാനാണ് ലൈംഗിക പീഡനം കൂടി ഉപയോഗിച്ചതെന്നും കൂട്ടിച്ചേർത്തു. 2023ൽ സ്വത്ത് തർക്ക കേസിൽ അനുകൂല ഉത്തരവ് വന്നുവെന്നും, പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി സംസ്ഥാന അധ്യക്ഷൻ ചോദിച്ചാൽ വിശദീകരണം നൽകുമെന്നും, പ്രതിപക്ഷ നേതാവിന് സന്ദീപ് വാര്യരെ കുറിച്ച് അറിയില്ലെന്ന് തോന്നുന്നുവെന്നും സി കൃഷ്ണകുമാർ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി ഉയർന്നത്.
പാലക്കാട് സ്വദേശിനി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പരാതി നൽകിയത്. ഇ മെയിലായി പരാതി അയച്ച യുവതി പറഞ്ഞത് നേതാക്കളെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല എന്നാണ്. പരാതി ലഭിച്ച വിവരം രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു.