തൃശ്ശൂർ: ചേലക്കര ഉദുവടിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 7.15 ഓടെ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.(Several injured in KSRTC bus and private bus collision in Thrissur)
മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ നിന്ന് തിരുവില്വാമയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇരു ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. സ്വകാര്യ ബസിലെയും കെഎസ്ആർടിസി ബസിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. എങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്ന സമയത്ത് തൃശ്ശൂരിൽ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴയെത്തുടർന്ന് റോഡിൽ ബസ് തെന്നി നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.