കൊച്ചി: കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ്. മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വി.എം. വിനുവിന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. വോട്ടർപട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു സമർപ്പിച്ച ഹർജി കോടതി തള്ളി. ഇതോടെ വിനുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാതെ വരും.(Setback for VM Vinu, High Court rejects petition)
ഹർജി പരിഗണിച്ച കോടതി, വി.എം. വിനുവിനെ രൂക്ഷമായി വിമർശിച്ചു. സെലിബ്രിറ്റി ആയതുകൊണ്ട് പ്രത്യേകതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയാണെന്നും വ്യക്തമാക്കി. "വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിന് നിൽക്കുന്നത്?" എന്നും കോടതി ചോദിച്ചു.
പ്രാഥമിക ലിസ്റ്റിൽ പേരുണ്ടായിട്ടും അവസാന നിമിഷം പേര് വെട്ടിയ വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും, എന്നാൽ ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേർത്തു. ഹർജി തള്ളിയ കോടതി വിധി മാനിക്കുന്നുവെന്ന് വി.എം. വിനു പ്രതികരിച്ചു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയിൽ പട്ടികയിൽ പേരുണ്ടാകുമെന്നായിരുന്നു തൻ്റെ പ്രതീക്ഷ.
താൻ തുടർന്നും യു.ഡി.എഫിൻ്റെ ഭാഗമായി ഉണ്ടാകുമെന്നും, പ്രചാരണത്തിന് ഇറങ്ങണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയുടെ വിധിയോടെ, യു.ഡി.എഫ്. മേയർ സ്ഥാനാർത്ഥിക്ക് മത്സരിക്കാൻ സാധിക്കാത്ത സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.