തൃശ്ശൂർ : പാലിയേക്കര ടോൾ പിരിവിൽ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. പാലിയേക്കരയിലെ ടോള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും പൗരന്മാരുടെ ദുരവസ്ഥയിലാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
അതേസമയം ഗതാഗതം സുഗമമാക്കാനുള്ള നടപടികളില്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി നേരത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. മോശം റോഡിന് എന്തിന് ടോള്‍ നല്‍കണം എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.
ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ ഓഗസ്റ്റ് ആറിനാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്കു തടഞ്ഞത്. ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ സമയം അനുവദിച്ചിട്ടും ദേശീയപാത അതോറിറ്റി വീണ്ടും സമയം നീട്ടിച്ചോദിച്ചപ്പോഴായിരുന്നു ഹൈക്കോടതി ഉത്തരവ്.