
കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് നല്‍കിയ ഹർജി തള്ളി കോടതി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തള്ളിയത്. ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്രാ തോമസിന് മത്സരിക്കാനാകില്ല. കോടതി വിധി അപ്രതീക്ഷിതവും നിരാശാജനകവുമാണെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി.
സംഘടനയിലേക്ക് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാണ് സാന്ദ്ര തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ സാന്ദ്ര പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക തള്ളുകയായിരുന്നു. കെ.എഫ്.പി.എയുടെ ഭരണ പ്രക്രിയകൾ പക്ഷപാതപരമാണെന്ന് ആരോപിച്ച്, തന്റെ നാമനിർദേശപത്രിക തള്ളിയതിൽ സ്റ്റേ ആവശ്യപ്പെട്ടായിരുന്നു സാന്ദ്ര തോമസ് ഹർജി ഫയൽ ചെയ്തത്.
യോഗ്യത കാണിക്കാന്‍ ആവശ്യമായ സിനിമകളുടെ എണ്ണം നൽകിയിട്ടില്ലെന്നായിരുന്നു പത്രിക തള്ളാനുള്ള കാരണമായി വരണാധികാരി ചൂണ്ടിക്കാണിച്ചത്. ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴു സിനിമകളും സ്വന്തം ബാനറിൽ രണ്ടു സനിമകളും നിർമിച്ചിട്ടുണ്ടെന്നായിരുന്നു സാന്ദ്രയുടെ വാദം. എന്നാൽ, നിർമാതാവ് എന്ന നിലയിൽ സ്വതന്ത്രമായി മൂന്നു സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു വരണാധികാരിയുടെ നിലപാട്.