തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. ഇത് എല്‍ഡിഎഫിനും യുഡിഎഫിനും എൻഡിഎയ്ക്കും പുതിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊല്ലത്തും തൃശൂരും ആലപ്പുഴയിലും എൻഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി. കൊല്ലത്ത് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് തള്ളിയത്. ഇരുമ്പനങ്ങാട് ഡിവിഷൻ സ്ഥാനാർത്ഥി ആർ.ടി.സുജിത്തിന്‍റെ പത്രികയാണ് തള്ളിയത്. സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ച് ഒപ്പിട്ടയാള്‍ ഡിവിഷന് പുറത്തു നിന്നുള്ളയാളായതാണ് കാരണം.
എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജിന്റെ നാമനിര്‍ദേശ പത്രിക തള്ളി. കടമക്കുടി ഡിവിഷനില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നല്‍കിയ പത്രികയാണ് തള്ളിയത്. ഇതിനെതിരെ അപ്പീല്‍ നൽകുമെന്ന് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. പത്രിക തള്ളിയതോടെ ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ യു.ഡി.എഫിന് സ്ഥാനാർത്ഥിയില്ല. ഡമ്മി സ്ഥാനാർത്ഥിയായി ആരും പത്രികനൽകിയിട്ടും ഇല്ല.
തൃശൂരിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി. പട്ടികജാതി വനിതാ സംവരണമായ പതിനെട്ടാം വാർഡിലെ സ്ഥാനാർത്ഥി ഇ.എസ് ഷൈബിയുടെ പത്രികയാണ് തള്ളിയത് പത്രികക്കൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നതാണ് കാരണം. ആലപ്പുഴ നഗരസഭയിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി.
ആലപ്പുഴ വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി കെ.കെ. പൊന്നപ്പന്‍റെ പത്രിക ആണ് തള്ളിയത്. മുൻപ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്‍റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാർത്ഥിയില്ല. ഇതോടെ ഈ സീറ്റിൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ് ബിജെപിക്കുള്ളത്.
കല്‍പറ്റയില്‍ നഗരസഭാ ചെയര്‍മാനായി പരിഗണിക്കാനിരുന്ന ടി.വി. രവീന്ദ്രന്റെ നാമനിര്‍ദേശപത്രിക തള്ളി. നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത തീര്‍ക്കാത്തതാണ് കാരണം. മുന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ അദ്ദേഹം ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. അതിന് ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നു. അതിനുവേണ്ടി നഗരസഭാ ഫണ്ടില്‍നിന്ന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.
കുറച്ച് പണം തിരിച്ചടച്ചതായാണ് രവീന്ദ്രന്‍ പറയുന്നത്, എന്നാല്‍ ബാധ്യത പൂര്‍ണമായും തീര്‍ത്ത സര്‍ട്ടിഫിക്കറ്റ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കാന്‍ അദ്ദേഹം വെച്ചിരുന്നില്ല. നിശ്ചിതസമയത്തിനുള്ളില്‍ ഇനിയത് ഹാജരാക്കാനും സാധിക്കില്ല. ഡമ്മിയായി പത്രിക നല്‍കിയിരുന്ന സി.എസ്. പ്രഭാകരന്‍ ആണ് രവീന്ദ്രനുപകരം ആ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുക.