ദേശീയ പാതയിൽ വീണ്ടും സർവീസ് റോഡ് ഇടിഞ്ഞു: തൃശൂർ മുരിങ്ങൂരിൽ വീടുകളിൽ വെള്ളം കയറി, പ്രതിഷേധം ശക്തം | National Highway

ഡ്രെയിനേജ് സംവിധാനം കവിഞ്ഞൊഴുകുകയായിരുന്നു
ദേശീയ പാതയിൽ വീണ്ടും സർവീസ് റോഡ് ഇടിഞ്ഞു: തൃശൂർ മുരിങ്ങൂരിൽ വീടുകളിൽ വെള്ളം കയറി, പ്രതിഷേധം ശക്തം | National Highway
Published on

തൃശൂർ: ദേശീയപാതയിൽ തൃശൂർ മുരിങ്ങൂർ ഭാഗത്ത് സർവീസ് റോഡ് വീണ്ടും ഇടിഞ്ഞുതാഴ്ന്നു. ഇതേത്തുടർന്ന് റോഡിൽ നിന്നുള്ള വെള്ളം സമീപത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറി. അശാസ്ത്രീയമായ നിർമ്മാണമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്നും വേണ്ടത്ര മുൻകരുതലുകൾ എടുക്കുന്നില്ലെന്നും ആരോപിച്ച് ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കി.(Service road collapses again on National Highway)

അശാസ്ത്രീയമായ രീതിയിലുള്ള റോഡ് പണി കാരണം മഴവെള്ളം ഒഴുകിപ്പോകേണ്ട ഡ്രെയിനേജ് സംവിധാനം കവിഞ്ഞൊഴുകുകയായിരുന്നു. ഓടയുടെ ഇരുവശവും പൂർണ്ണമായും ബ്ലോക്കായതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കവിഞ്ഞൊഴുകിയ വെള്ളം സമീപത്തെ വീടുകളിലേക്കും കടകളിലേക്കും ഇരച്ചുകയറുകയായിരുന്നു.

ഇടിഞ്ഞ ഭാഗത്തിന്റെ എതിർവശത്തുള്ള സ്ഥാപനത്തിലേക്കും വീട്ടിലേക്കും ശക്തമായ ഒഴുക്കോടെ വെള്ളം കയറി നാശനഷ്ടങ്ങൾ വരുത്തി.

ഈ ഭാഗത്ത് രണ്ടാം തവണയാണ് സർവീസ് റോഡ് ഇടിഞ്ഞുതാഴുന്നത്. ഇതിനുമുമ്പ് സമാന സംഭവം ഉണ്ടായപ്പോൾ, കലക്ടർ ഉൾപ്പെടെയുള്ള അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഉടനടി ശാസ്ത്രീയമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com