
പാർട്ടി നടപടി നേരിട്ട മുൻ എംഎൽഎ പി കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ആവശ്യം. പൊതു ചർച്ചയ്ക്ക് ഇടയിലായിരുന്നു പ്രതിനിധികൾ ഈ വിവരം ചൂണ്ടിക്കാട്ടിയത്. ശശിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടും ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവർത്തകർ ആരോപിച്ചു. പി കെ ശശിക്കെതിരെ പാർട്ടി നേരത്തെ നടപടി എടുത്തിരുന്നുവെങ്കിൽ കൊഴിഞ്ഞാമ്പറയിലെ പാർട്ടിക്കുള്ളിലെ വിഭാഗീയത ഉണ്ടാവുമായിരുന്നില്ലെന്ന് ചർച്ചയുടെ ആദ്യഘട്ടത്തിൽ വിമർശനം ഉയർന്നിരുന്നു.
പി കെ ശശിയെ കെടിഡിസി, സിഐടിയു ജില്ലാ പ്രസിഡന്റ് പദവികളില്‍ നിന്നും നീക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പാലക്കാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലയില്‍ നിലപാട് എടുക്കാനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.