പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കാത്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി, വീട്ടിലെത്തി തിരികെ വാങ്ങി: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗുരുതര വീഴ്ച | Postmortem

ഡോക്ടർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും വിശദീകരണം തേടുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ജയശ്രീ അറിയിച്ചു
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കാത്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി, വീട്ടിലെത്തി തിരികെ വാങ്ങി: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗുരുതര വീഴ്ച | Postmortem
Published on

പാലക്കാട്: വിഷം അകത്തുചെന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കുംമുമ്പേ ബന്ധുക്കൾക്ക് വിട്ടുനൽകി. അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയില്ലെന്ന ഗുരുതരമായ അമളി മനസ്സിലാക്കിയ ആശുപത്രി അധികൃതർ ഉടൻ തന്നെ മരിച്ചയാളുടെ വീട്ടിലെത്തി മൃതദേഹം തിരികെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.(Serious lapse at Palakkad District Hospital, body was handed over to relatives without completing the postmortem procedures)

സെപ്റ്റംബർ 25-ന് വിഷം കഴിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച മുണ്ടൂർ സ്വദേശിയായ 62-കാരനാണ് ഞായറാഴ്ച വൈകീട്ട് മരണപ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി സംസാരിച്ചതിനെത്തുടർന്ന്, മൃതദേഹം കൊണ്ടുപോകാമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു.

എന്നാൽ, കുറച്ചുസമയം കഴിഞ്ഞപ്പോൾ ആശുപത്രി ജീവനക്കാരും പിന്നാലെ പോലീസും വീട്ടിലെത്തി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന വിവരം ജീവനക്കാർ ബന്ധുക്കളെ അറിയിച്ചു. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണ സർട്ടിഫിക്കറ്റ് ലഭിക്കൂ എന്നും, ആംബുലൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആശുപത്രിയുടെ സ്വന്തം ചെലവിൽ ഏർപ്പെടുത്താമെന്നും ഇവർ അറിയിച്ചു. തുടർന്ന് ബന്ധുക്കളുടെ സമ്മതത്തോടെ മൃതദേഹം ആംബുലൻസിൽ തിരികെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും.

സംഭവത്തിൽ ബന്ധുക്കൾ പരാതിയൊന്നും നൽകിയിട്ടില്ല. എന്നാൽ, വിഷയത്തിൽ വീഴ്ച സംഭവിച്ച ഡോക്ടർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും വിശദീകരണം തേടുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ജയശ്രീ അറിയിച്ചു. ഒരു മാസത്തോളമായി ചികിത്സയിൽ തുടർന്നതിനാൽ ഇതൊരു സ്വാഭാവിക മരണമായി കണക്കാക്കിയതാണ് അബദ്ധത്തിന് ഇടയാക്കിയതെന്നും സൂപ്രണ്ട് വിശദീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com