തൃശ്ശൂർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ലാബ് പരിശോധനാ ഫലങ്ങൾക്കെതിരെ ഗുരുതരമായ പരാതി. രക്തഗ്രൂപ്പ് അടക്കം മാറി നൽകുകയും എച്ച്.സി.വി. പരിശോധനയിൽ പിഴവ് സംഭവിക്കുകയും ചെയ്തെന്നാണ് പരാതി. കൊടുങ്ങല്ലൂർ സ്വദേശിയാണ് സംഭവത്തിൽ അധികൃതർക്ക് പരാതി നൽകിയിരിക്കുന്നത്.(Serious complaint against Kodungallur Taluk Hospital lab, Blood group was changed)
ബി പോസിറ്റീവ് (B+) രക്തഗ്രൂപ്പുള്ള ഒരാൾക്ക് ആശുപത്രിയിലെ പരിശോധനാ ഫലത്തിൽ ഒ പോസിറ്റീവ് (O+) എന്നാണ് കാണിച്ചത്. എച്ച്.സി.വി. നെഗറ്റീവായ ഒരാൾക്ക് പരിശോധനാ ഫലത്തിൽ പോസിറ്റീവ് എന്നും രേഖപ്പെടുത്തി.
ഇതേ ആളുകൾ മറ്റ് ലാബുകളിൽ പരിശോധിച്ചപ്പോൾ ലഭിച്ചത് ശരിയായ ഫലങ്ങളായിരുന്നു. ആശുപത്രിയുടെ ലാബ് പരിശോധനയിലെ ഗുരുതരമായ പിഴവ് രോഗികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.