DIG യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തി : ഫ്രഷ് കട്ട് സംഘർഷത്തിൽ ഗുരുതര ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് പരാതി | Fresh Cut

മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
DIG യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തി : ഫ്രഷ് കട്ട് സംഘർഷത്തിൽ ഗുരുതര ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് പരാതി | Fresh Cut
Published on

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ്കട്ട് മാലിന്യ സംസ്കരണ പ്ലാന്റിന് മുന്നിൽ നടന്ന സമരം അക്രമാസക്തമാക്കിയതിന് പിന്നിൽ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്ന് ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.(Serious allegations made in Fresh Cut clash, complaint seeks investigation)

സമാധാനപരമായി നടന്ന ജനകീയ സമരം സംഘർഷത്തിലേക്ക് നയിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് മനഃപൂർവമായ ശ്രമങ്ങളുണ്ടായി എന്നും, ഇതിന് പിന്നിൽ ഡിഐജി യതീഷ് ചന്ദ്രയാണെന്നുമാണ് പരാതിയിലെ മുഖ്യ ആരോപണം.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സമരക്കാർക്കിടയിലേക്ക്, പ്ലാന്റിലേക്ക് കോഴി മാലിന്യവുമായി വന്ന വാഹനം പോലീസ് ബലമായി കടത്തിവിടാൻ ശ്രമിച്ചതാണ് അക്രമ സംഭവങ്ങൾക്ക് കാരണമായത്. സമരക്കാർക്കിടയിലേക്ക് ഗ്രനേഡ് എറിഞ്ഞ് സംഘർഷം ഉണ്ടാക്കാനും പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. പോലീസ് ടിയർ ഗ്യാസും ഗ്രനേഡും എറിഞ്ഞതോടെ സമരക്കാർ ചിതറി ഓടി.

പോലീസ് കാവലിൽ ഉണ്ടായിരുന്ന പ്ലാന്റിന് സമീപം തീവെപ്പ് നടന്നത് ദുരൂഹമാണ്. ഇതിൽ കമ്പനി ഉടമകളും പോലീസും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഡിഐജിയും കമ്പനിയുമായി ബന്ധപ്പെട്ടവരും തമ്മിൽ നടത്തിയിട്ടുള്ള ഫോൺ സംഭാഷണങ്ങളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണം എന്നാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, താമരശ്ശേരിയിലെ സംഘർഷം ആസൂത്രിതമായിരുന്നുവെന്നും സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി ചില തത്പര കക്ഷികൾ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് ഡിഐജി യതീഷ് ചന്ദ്ര നേരത്തെ പ്രതികരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com