കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കെ.പി.സി.സി മുന്‍ പ്രസിഡന്റുമായ സി.വി പദ്മരാജന്‍ (93) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1982-ൽ ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിവി പത്മരാജൻ ആദ്യ ഊഴത്തിൽ തന്നെ മന്ത്രിയായി.
ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. മന്ത്രിസ്ഥാനം രാജിവച്ചാണ് കെ.പി.സി.സി അധ്യക്ഷനായത്. കെ. കരുണാകരന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു.1983 മുതൽ 1987 വരെ കെപിസിസി അധ്യക്ഷനായിരുന്നു. കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡൻറായും, പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് ജനിച്ചു. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്.