തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ 1.19 കോടി രൂപ അനുവദിച്ചു. തെരുവുവിളക്കുകൾ തെളിയാത്തതും സിസിടിവി സംവിധാനങ്ങളുടെ അപര്യാപ്തതയും കാരണം വിനോദസഞ്ചാരികൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.(Security is being strengthened at Kovalam beach)
പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉൾപ്പെടെയുള്ള പരാതികൾ ഉയർന്നിരുന്നു. സഞ്ചാരികളുടെ ദുരിതം ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പദ്ധതിക്ക് തുക അനുവദിച്ചത്.
പുതിയ തെരുവുവിളക്കുകൾ സ്ഥാപിക്കുക, നിരീക്ഷണത്തിനായി അത്യാധുനിക സിസിടിവി സംവിധാനം ഒരുക്കുക എന്നിവയാണ് പദ്ധതിയിലെ പ്രധാന ഘട്ടങ്ങൾ. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ലിമിറ്റഡാണ് പദ്ധതി റിപ്പോർട്ടും പ്രൊപ്പോസലും തയ്യാറാക്കിയതും, ഇത് നടപ്പാക്കുന്നതും.
പുതിയ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ചെലവ് 80,59,022 രൂപയാണ്. അഞ്ച് മാസത്തിനുള്ളിൽ നിലവിലുള്ള വിളക്കുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ഔട്ട്‌ഡോർ സിസിടിവി സംവിധാനത്തിന് ചെലവ് 38,08,410 രൂപയാണ്. നിലവിലുള്ള സിസിടിവി സംവിധാനങ്ങൾ നീക്കം ചെയ്ത് ബീച്ച് പരിസരത്ത് പുതിയ ഔട്ട്‌ഡോർ നിരീക്ഷണ സംവിധാനം സ്ഥാപിക്കും.
മൂന്ന് മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യും. ഈ പദ്ധതിക്ക് രണ്ട് വർഷത്തെ സമഗ്ര വാർഷിക പരിപാലനവും (AMC) കെൽട്രോൺ ഉറപ്പാക്കിയിട്ടുണ്ട്. പുതിയ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കോവളം ബീച്ചിലെ സുരക്ഷാപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.