പി.എസ്.സി.യുടെ വിവരശേഖരണത്തിൽ സുതാര്യതയും സുരക്ഷിതത്വവും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉറപ്പുവരുത്തും - മുഖ്യമന്ത്രി | PSC

തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
Kerala PSC chairman and members given high pension
Updated on

ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പി.എസ്.സി.യുടെ വിവരശേഖരണത്തിലെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. (PSC)

കേരള പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ദിനമാണിത്. പി.എസ്.സി.യുടെ പ്രവർത്തനങ്ങളിൽ ഇന്ന് മുതൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ സമന്വയിപ്പിക്കപ്പെടുകയാണ്. സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയാണ് പി.എസ്.സി.ക്കായി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഇത്തരം ഒരു സാങ്കേതികവിദ്യ നടപ്പാക്കുന്നത്. മറ്റു പല മേഖലകളിലെയും പോലെ പി.എസ്.സി. രംഗത്തും കേരളം രാജ്യത്തിന് വഴികാട്ടുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ മൂന്നുലക്ഷത്തിലധികം നിയമനങ്ങൾ കേരള പി.എസ്.സി. നടത്തി. ഇന്ത്യയിൽ നടക്കുന്ന പി.എസ്.സി. നിയമനങ്ങളിൽ അറുപത് ശതമാനവും കേരള പി.എസ്.സി. മുഖേനയാണ് നടക്കുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്.

സമയോചിതമായ ആധുനികവൽക്കരണവും കാര്യക്ഷമവും ചിട്ടയുള്ളതുമായ പ്രവർത്തനങ്ങളുമാണ് പി.എസ്.സി.യെ ഈ നേട്ടങ്ങളിലേക്ക് എത്തിച്ചത്. മറ്റ് പല സംസ്ഥാനങ്ങളിലും ഉയർന്ന തസ്തികകളിൽ മാത്രമാണ് പി.എസ്.സി. മുഖേന നിയമനം നടക്കുന്നത്. എന്നാൽ കേരളത്തിൽ നൂറിൽപ്പരം സർക്കാർ വകുപ്പുകൾ, നൂറിലധികം കമ്പനികൾ, വിവിധ ബോർഡുകൾ, കോർപ്പറേഷനുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലായി 1,763 തസ്തികകളിലേക്കാണ് പി.എസ്.സി. നിയമനം നടത്തുന്നത്.

ഒരു വർഷം ശരാശരി 800-ഓളം വിജ്ഞാപനങ്ങളാണ് പി.എസ്.സി. പുറപ്പെടുവിക്കുന്നത്. പ്രതിവർഷം ഒരു കോടിയിലധികം അപേക്ഷകളും ഏകദേശം 60 ലക്ഷം ഉദ്യോഗാർത്ഥികളുടെ പങ്കാളിത്തവുമാണ് ഉണ്ടാകുന്നത്. ആധുനികവൽക്കരണ രംഗത്ത് കേരള പി.എസ്.സി. എന്നും മാതൃകയായിരിക്കുകയാണ്. ഇന്ന് അപേക്ഷ സ്വീകരിക്കുന്നതുമുതൽ നിയമന ശിപാർശ നൽകുന്നത് വരെ മുഴുവൻ നടപടികളും കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടക്കുന്നതെന്നും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഈ സംവിധാനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജന നിയമനങ്ങൾ കുറയുമ്പോൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കാണ് കൂടുതൽ തിരിച്ചടിയുണ്ടാകുന്നത്. സംവരണ തത്വം ഫലപ്രദമായി നടപ്പാക്കുന്നതിൽ പി.എസ്.സി. പോലുള്ള സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പി.എസ്.സി.യുടെ വിശ്വാസ്യത തകർക്കാൻ ചില നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. യുവത്വത്തിന്റെ പ്രതീക്ഷകളെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കേരള പി.എസ്.സി. പ്രസിദ്ധീകരിക്കുന്ന ‘ഉദ്യോഗാർത്ഥികളറിയാം’ എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനം മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനിക്ക് നൽകി പ്രകാശനം നിർവഹിച്ചു. പി.എസ്.സി. ചെയർമാൻ എം. ആർ. ബൈജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാലു ജോർജ് സ്വാഗതം പറഞ്ഞു. എസ്. എ. സെയ്ഫ്, വി. ടി. കെ. അബ്ദുൽ സമദ്, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവർ സംസാരിച്ചു. ഡിജിറ്റൽ സർവകലാശാല ഡീൻ (അക്കാഡമി) ഡോ. എസ്. അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com