പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബിജെപിയിൽ വിഭാഗീയത രൂക്ഷമാകുന്നു. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ചെയർപേഴ്സണെ പോലും അറിയിക്കാതെ ബിജെപി കൗൺസിലർമാർ ഉദ്ഘാടനങ്ങൾ നടത്തിയതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. പി.ടി. ഉഷ പങ്കെടുത്ത പരിപാടിയിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറും ഭാര്യയും കൗൺസിലറുമായ മിനി കൃഷ്ണകുമാറുമാണ് ഉണ്ടായിരുന്നത്. വിഷയത്തിൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ ബിജെപി സംസ്ഥാന അധ്യക്ഷനോട് പരാതി അറിയിച്ചു.(Sectarianism in Palakkad BJP deepens as local elections approach)
നഗരസഭയിലെ കൊപ്പം വാർഡിലെ ബയോമെഡിക്കൽ ലാബിന്റെ നിർമ്മാണ ഉദ്ഘാടനവും ചെട്ടിത്തെരുവ് വാർഡിലെ അങ്കണവാടി ഉദ്ഘാടനവുമാണ് ഇന്നലെ നടന്നത്. പി.ടി. ഉഷ എംപിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതികൾ നടപ്പാക്കിയത്. എന്നാൽ പരിപാടിയുടെ പോസ്റ്ററിലും ഉദ്ഘാടന വേദിയിലും സി. കൃഷ്ണകുമാറും ഭാര്യയും വാർഡ് കൗൺസിലറുമായ മിനി കൃഷ്ണകുമാറും മാത്രമാണ് പ്രധാനമായി ഉണ്ടായിരുന്നത്.
നഗരസഭയുടെ പരിപാടികളിൽ നിന്ന് മനഃപൂർവം ഒഴിവാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന് പരാതി നൽകിയത്.
നേരത്തെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലിയുണ്ടായ ചേരിപ്പോര് ആർഎസ്എസ് നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ മേൽക്കൈ സ്ഥാപിക്കാൻ സി. കൃഷ്ണകുമാർ പക്ഷം മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായാണ് ആരോപണം ഉയരുന്നത്.