രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ കേസ്: അന്വേഷണ ചുമതല ജി പൂങ്കുഴലി IPSന് | Rahul Mamkootathil

ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊർജ്ജിതമാണ്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ കേസ്: അന്വേഷണ ചുമതല ജി പൂങ്കുഴലി IPSന് | Rahul Mamkootathil
Updated on

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.ക്കെതിരെ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തിരുന്നു. കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് ഡി.ജി.പിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ ലൈംഗികാതിക്രമ വകുപ്പ് ചുമത്തി ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.(Second case against Rahul Mamkootathil, G Poonguzhali IPS takes charge of investigation)

ഈ പുതിയ കേസിൻ്റെ അന്വേഷണ ചുമതല ജി. പൂങ്കുഴലി ഐ.പി.എസ്സിനാണ് നൽകിയിരിക്കുന്നത്. പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. ലൈംഗിക പീഡന-ഭ്രൂണഹത്യ കേസിൽ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം പ്രത്യേക അന്വേഷണ സംഘം ഊർജിതമാക്കിയിരിക്കുകയാണ്. ഒൻപതാം ദിവസവും എം.എൽ.എ. ഒളിവിൽ തുടരുകയാണ്.

അന്വേഷണം കാസർഗോഡ്, വയനാട് മേഖലകളിലേക്കും കർണാടക ഉൾപ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊർജിതമാക്കിയിട്ടുണ്ട്. രാഹുലിൻ്റെ സഹായികൾ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിലൂടെ രാഹുലിലേക്ക് എത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിശ്വാസം. ഫ്ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് ഉൾപ്പെടെ രാഹുലിന് എതിരായ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.

ഹൈക്കോടതി കൂടി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാനാണ് സാധ്യത. എന്നാൽ അതിനു മുൻപേ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിൽ രണ്ട് ദിവസം ഒളിവിൽ കഴിഞ്ഞതായി റിപ്പോർട്ട്. രാഷ്ട്രീയ ബന്ധമുള്ള ഒരു അഭിഭാഷകയാണ് രാഹുലിന് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പോലീസ് എത്തിയെങ്കിലും, അതിന് രണ്ട് മണിക്കൂർ മുൻപ് രാഹുൽ ഇവിടെ നിന്ന് രക്ഷപ്പെട്ടു. രാഹുലിന് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ സഹായം നൽകുന്നുണ്ടെന്ന അഭ്യൂഹം നേരത്തേ പരന്നിരുന്നു. രാഹുലിന്റെ ഒളിവിൽക്കഴിയലിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ പേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാഹുലിന് കാർ എത്തിച്ചു നൽകുന്നതും യാത്രയ്ക്കുള്ള വഴികൾ കണ്ടെത്തുന്നതും ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണ്. ആഡംബര റിസോർട്ടുകളിലെ താമസത്തിനു പിന്നിലും ഇവർക്ക് പങ്കുണ്ട്.

സുരക്ഷാ സഹായം ഒരുക്കിയ പലരെയും പോലീസ് നേരിട്ട് കണ്ട് ചോദ്യം ചെയ്തു. ഇതോടെ ഇനി ഇവരുടെ സഹായം രാഹുലിന് ലഭിക്കില്ലെന്നാണ് പോലീസ് കരുതുന്നത്. മറ്റ് വഴികളില്ലാതെ രാഹുൽ പോലീസിന് മുന്നിൽ കീഴടങ്ങും എന്നു തന്നെയാണ് അന്വേഷണ സംഘത്തിൻ്റെ ഇപ്പോഴത്തെ കണക്കുകൂട്ടൽ. സിസിടിവി ക്യാമറകളുള്ള റോഡുകൾ പരമാവധി ഒഴിവാക്കി ചുവന്ന പോളോ കാറിൽ പൊള്ളാച്ചിയിലെത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക് പോയി.

പിന്നീട് കർണാടക-തമിഴ്‌നാട് അതിർത്തിയിലുള്ള ബാഗലൂരിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞു. ഇവിടേക്ക് അന്വേഷണ സംഘം എത്തുന്നുവെന്ന വിവരം അറിഞ്ഞാണ് രാഹുൽ ബെംഗളൂരുവിലെ അത്യാഡംബര വില്ലയിലേക്ക് മാറിയത്. അവിടെനിന്നും പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെടുകയായിരുന്നു. എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ന് തന്നെ ഹൈക്കോടതി ബെഞ്ചിൽ ഹർജി പരിഗണിപ്പിച്ച് പോലീസിന്റെ അറസ്റ്റ് നീക്കം തടയാനാണ് രാഹുൽ മാങ്കൂട്ടത്തിൽ ലക്ഷ്യമിടുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള 'ഗുരുതരമായ ആരോപണങ്ങൾ' പരിഗണിച്ചാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ, തനിക്കെതിരെയുള്ള വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ആരോപണം നിലനിൽക്കില്ലെന്നും, ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുൽ എംഎൽഎയുടെ പ്രധാന വാദം.

അതിസങ്കീർണമായ കേസാണെന്ന നിഗമനത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നാണ് പോലീസ് നിലപാട്. ഇതിനിടെ, കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഒൻപതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. ഇതിനിടെ കസ്റ്റഡിയിലെടുത്ത രാഹുലിന്റെ പേഴ്സണൽ അസിസ്റ്റന്റ് (പിഎ) ഫസലിനെയും ഡ്രൈവർ ആൽവിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് നിന്ന് രക്ഷപ്പെട്ട രാഹുലിനൊപ്പം തമിഴ്നാട് വരെ ഇരുവരും ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച തിരിച്ചെത്തിയ ഇവരെ ഇന്നലെ ഉച്ചയ്ക്കാണ് കസ്റ്റഡിയിലെടുത്തത്.

രാഹുലിന്റെ നീക്കങ്ങളെക്കുറിച്ച് ഇവർക്ക് നിർണായക വിവരങ്ങൾ അറിയാമെന്നാണ് പോലീസ് കരുതുന്നത്. ജാമ്യം നിഷേധിച്ചതിന് ശേഷവും രാഹുലിന്റെ ഒളിയിടം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുൽ ഒളിവിൽ കഴിയുന്നത്. മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ പാലക്കാട് നിന്ന് മുങ്ങിയത്.

പോലീസ് എത്തുന്ന വിവരം രാഹുൽ മുൻകൂട്ടി അറിയുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. പോലീസിൽ നിന്ന് തന്നെ വിവരങ്ങൾ ചോരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്. ഇതോടെ അന്വേഷണ സംഘം കൂടുതൽ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുലിന്റെ ഫോണുകൾ ഓണായത് കീഴടങ്ങുമെന്ന സൂചന നൽകിയിരുന്നെങ്കിലും ഇന്നലെ അത്തരമൊരു നീക്കവും ഉണ്ടായില്ല.

Related Stories

No stories found.
Times Kerala
timeskerala.com