പാലക്കാട്: ചിറ്റൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസ്സുകാരൻ സുഹാനായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. കുട്ടിയെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. (Search intensifies for missing 6-year-old in Chittoor)
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ സഹോദരനുമായി പിണങ്ങി സുഹാൻ പുറത്തേക്ക് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിലുള്ള ചെറിയ പിണക്കം മാത്രമായിരുന്നതിനാൽ കുട്ടി ഉടൻ മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും സമയം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ വീടിനടുത്തുള്ള ഇടവഴിയിൽ കുട്ടിയെ കണ്ടതായി ഒരാൾ മൊഴി നൽകിയിട്ടുണ്ട്. ഇതിനുശേഷം കുട്ടിയെക്കുറിച്ച് വിവരമൊന്നുമില്ല.
ഇന്നലെ രാത്രി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കാര്യമായ സൂചനകൾ ലഭിച്ചില്ല. ഫയർഫോഴ്സ് സംഘം വീടിന് സമീപത്തെ കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുഞ്ഞിനെ കാണാതായ വിവരമറിഞ്ഞ് വിദേശത്തുള്ള പിതാവ് അനസ് നാട്ടിലേക്ക് തിരിച്ചു. സ്കൂൾ അധ്യാപികയായ സുഹാന്റെ മാതാവ് സംഭവസമയത്ത് സ്കൂളിലെ ആവശ്യത്തിനായി പോയിരിക്കുകയായിരുന്നു. മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. സമീപത്തെ ഒന്നോ രണ്ടോ വീടുകൾ മാത്രമാണ് സുഹാന് പരിചയമുള്ളത്.