
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. തിരച്ചിലിനിടെ ഗംഗാവാലി നദിയിൽനിന്ന് ഒരു ലോറിയുടെ എഞ്ചിൻ കണ്ടെടുത്തു. ഇത് അർജുന്റെ ലോറിയുടേതല്ലെന്നാണ് വിവരം.
ഡ്രഡ്ജർ കൊണ്ടുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനൊപ്പം മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും സ്ഥലത്തുണ്ട്. ഇവർ ഇപ്പോഴും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. അർജുന്റെ ലോറിയിലുണ്ടായിരുന്ന തടികൾ കഴിഞ്ഞ ദിവസം ഇവർക്ക് ലഭിച്ചിരുന്നു.
നദിയുടെ അഞ്ചിടത്താണ് മൺകൂനകൾ അടിഞ്ഞുകൂടിയത്. ഇവിടെയൊന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. നാവികസേനയും മറ്റു ഏജൻസികളും നടത്തിയ പരിശോധനയിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്താണ് നിലവിൽ പരിശോധന നടത്തുന്നത്.