കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പ്രതി ചാടിപ്പോയി രണ്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്. പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ കണ്ടെത്താനാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാൾ എവിടേക്ക് കടന്നു എന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.(Search continues for suspect in Drishya murder case who jumped from Mental health centre)
കുതിരവട്ടം പരിസരത്തെയും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ വിനീഷിനെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇയാളുടെ വീടും ബന്ധുക്കളുടെ വീടുകളും നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് വിചാരണ തടവുകാരനായ വിനീഷ് മൂന്നാം വാർഡിലെ ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തുകടന്നത്. തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡിസംബർ 10-നാണ് കുതിരവട്ടത്തെത്തിച്ചത്.
രണ്ട് വർഷം മുൻപും വിനീഷ് ഇതേ രീതിയിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. 2021-ൽ വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വദേശി ദൃശ്യയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ. വീണ്ടും പ്രതി രക്ഷപ്പെട്ടത് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.