തിരുവനന്തപുരം: കോവളത്തിന് സമീപം ലൈറ്റ്ഹൗസ് ബീച്ചിൽ കടലാമയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം. കടലാമയ്‌ക്കൊപ്പം ചെറു മത്സ്യങ്ങളും ഞണ്ടുകളും കരയ്ക്കടിഞ്ഞിട്ടുണ്ട്.(Sea turtle found dead in Kovalam, Injuries on body)
വിനോദസഞ്ചാരികൾ കുളിക്കുന്നതിനിടെ പ്രദേശവാസികളാണ് കടലാമയുടെ ജഡം കണ്ടെത്തിയത്. ആമയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. കപ്പലുകളിലെയോ മറ്റ് ബോട്ടുകളിലെയോ പ്രൊപ്പല്ലറുകൾ തട്ടിയതിനെ തുടർന്നാകാം കടലാമയ്ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
വിവരം അറിഞ്ഞതിനെ തുടർന്ന് കോവളം പോലീസ് സ്ഥലത്തെത്തുകയും വനം വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആമയുടെ ജഡം മറവ് ചെയ്തു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കോവളം തീരത്ത് കടലാമകൾ ചത്തടിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടലാമകൾ തുടർച്ചയായി ചത്തടിയുന്നത് അധികൃതർ ഗൗരവമായി കാണേണ്ട വിഷയമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു.