കൊല്ലം: കോർപ്പറേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ സജീവം. യുഡിഎഫിന്റെ മേയർ സ്ഥാനാർഥി എ.കെ. ഹഫീസിന് പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ രംഗത്തെത്തി. എസ്.ഡി.പി.ഐ സംസ്ഥാന-ജില്ലാ നേതാക്കൾ ഹഫീസിന്റെ വസതിയിലെത്തിയാണ് പിന്തുണ അറിയിച്ചത്. ഇന്ന് വൈകിട്ട് നടത്തുന്ന പൗര സ്വീകരണത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപ്പുഴ അഷറഫ് മൗലവി പങ്കെടുക്കുന്നതും ശ്രദ്ധേയമാണ്.(SDPI supports UDF in Kollam Corporation)
പുറത്തുനിന്നുള്ള പിന്തുണ ലഭിക്കുമ്പോഴും മുന്നണിക്കുള്ളിലെ പടലപ്പിണക്കങ്ങൾ യുഡിഎഫിന് തലവേദനയാകുന്നു. ഡെപ്യൂട്ടി മേയർ പദവിയെ ചൊല്ലിയാണ് ആർ.എസ്.പിയും മുസ്‌ലിം ലീഗും കോൺഗ്രസുമായി ഇടയുന്നത്.
ആർ.എസ്.പിയിലെ ഷൈമ, മുസ്‌ലിം ലീഗിലെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഉയർന്നു വന്നത്. സാമുദായിക സമവാക്യങ്ങൾ പാലിക്കാനായി കോൺഗ്രസിലെ കരുമാലിൽ ഉദയ സുകുമാരനെ പരിഗണിക്കണമെന്നാണ് കോൺഗ്രസ് വാദിക്കുന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് പദവികളും കോൺഗ്രസ് കൈവശം വെക്കുകയും അവസാന വർഷങ്ങളിൽ മറ്റ് കക്ഷികൾക്ക് കൈമാറുകയും ചെയ്യാം എന്ന ഉപാധിയാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. കോൺഗ്രസിന്റെ ഈ ഫോർമുല അംഗീകരിക്കാൻ ലീഗും ആർ.എസ്.പിയും തയ്യാറല്ല.