കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നിൽ നടന്ന സംഘർഷത്തിൽ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കുമെതിരെ രൂക്ഷ വിമർശനവുമായി എസ്.ഡി.പി.ഐ. സംഘർഷത്തിന് നേതൃത്വം നൽകിയതും ഫാക്ടറിക്ക് തീയിട്ടതും ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണെന്ന് എസ്.ഡി.പി.ഐ. ആരോപിച്ചു.(SDPI in conflict at Thamarassery fresh cut plant, CPM says allegations are malicious)
എസ്.ഡി.പി.ഐ.യുടെ വാദങ്ങൾ
ജനകീയ സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തിട്ടുണ്ടെന്നും എന്നാൽ പ്രശ്‌നമുണ്ടാക്കിയ ക്രിമിനലുകൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണെന്നും എസ്.ഡി.പി.ഐ. പ്രസ്താവനയിൽ പറഞ്ഞു. "ഫാക്ടറിക്ക് തീ ഇട്ടതും ആക്രമിച്ചതും അവരാണ്. കേസിലെ ഒന്നാം പ്രതി ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡൻ്റാണ് എന്നത് ഇതിന് തെളിവാണ്." – എസ്.ഡി.പി.ഐ. ആരോപിച്ചു.
ജനകീയ സമരങ്ങളോട് സി.പി.എം. പുലർത്തുന്ന അസഹിഷ്‌ണുതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. തങ്ങൾക്ക് മേൽ സി.പി.എം. ഉന്നയിക്കുന്ന ആരോപണം ദുരുദ്ദേശപരമാണ്. പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനും ഫ്രഷ് കട്ട് മാനേജ്‌മെൻ്റിന് സംരക്ഷണം നൽകാനുമാണ് സി.പി.എം. ശ്രമിക്കുന്നതെന്നും എസ്.ഡി.പി.ഐ. കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശ സമരത്തിനൊപ്പം എസ്.ഡി.പി.ഐ. ഉറച്ചുനിൽക്കുമെന്നും അവർ വ്യക്തമാക്കി.
സി.പി.എം. ആരോപണം
നേരത്തെ, താമരശ്ശേരി ഫ്രഷ് കട്ട് സമരസമിതിക്ക് നേതൃത്വം നൽകിയതും കലാപമുണ്ടാക്കിയതും എസ്.ഡി.പി.ഐ. ആണെന്നായിരുന്നു സി.പി.എം. ആരോപണം. ചൊവ്വാഴ്ച നടന്ന സംഘർഷത്തിൽ ജില്ലയ്ക്ക് പുറത്തുനിന്ന് എസ്.ഡി.പി.ഐ. അക്രമികൾ നുഴഞ്ഞുകയറി കലാപം അഴിച്ചുവിട്ടതായി സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു.
സമരത്തിന് രാഷ്ട്രീയ മുഖമില്ലെങ്കിലും നേതൃത്വം നൽകുന്നത് എസ്.ഡി.പി.ഐ. ആണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഇന്ന് ആവർത്തിച്ചു. എസ്.ഡി.പി.ഐ. നടത്തിയ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നാം പ്രതിയായ ഡി.വൈ.എഫ്.ഐ. പ്രദേശിക നേതാവ് യാഥാർത്ഥത്തിൽ സംഘർഷം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.