

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ലഭിക്കാത്തതിനെത്തുടർന്ന് ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈ മാസം 28-ന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തുമെന്ന് ഹർഷിന അറിയിച്ചു. നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സർക്കാർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം.(Scissors stuck in stomach during surgery, woman goes on strike again)
2017-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചു നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കുടുങ്ങിയത്. അഞ്ച് വർഷത്തോളം കടുത്ത വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച ഹർഷിനയുടെ വയറ്റിൽ നിന്ന് 2022-ലാണ് കത്രിക പുറത്തെടുത്തത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
വീഴ്ച വ്യക്തമായിട്ടും തനിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ഹർഷിന ആരോപിക്കുന്നു. "മന്ത്രിയോ സർക്കാരോ നീതി പുലർത്തുന്നില്ല. നഷ്ടപരിഹാര കാര്യത്തിൽ സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണ്. ശാരീരികമായി അവശതകൾ അനുഭവിക്കുമ്പോഴും നീതിക്കായി തെരുവിലിറങ്ങാൻ നിർബന്ധിതയാവുകയാണ്," ഹർഷിന പറഞ്ഞു.