തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കൊടിയിറങ്ങി. ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വര്‍ണക്കപ്പ് സമ്മാനിച്ചു. കായികമേളയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടമാണ് തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരാകുന്നത്.
1825 പോയിന്റോടെയാണ് തിരുവനന്തപുരം കിരീടം നേടിയത്. റണ്ണറപ്പ് ട്രോഫി തൃശൂരും ( 892 പോയിന്റ്) മൂന്നാം സ്ഥാനം കണ്ണൂരും ( 859 പോയിന്റ്) നേടി.ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു.
അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റർ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്.
മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്. അത്‌ലറ്റിക്‌സ് ജനറല്‍ വിഭാഗത്തിലെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിനാണ്.78 പോയന്റോടെയാണ് നേട്ടം.
മികച്ച സ്പോർട്സ് സ്കൂൾ ചാമ്പ്യന്മാർ 57 പോയിന്റ് നേടിയ ജിവി രാജയാണ്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ കൂടി സ്വർണം നേടിയതോടെ പാലക്കാടിന്റെ നിവേദ്യ കലാധർ ട്രിപ്പിൾ സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ വിലയിൽ സ്വർണം ലഭിച്ചതോടെ ആദിത്യ അജിയുടെ സ്വർണ നേട്ടം നാലായി. കണ്ണൂരിലാണ് അടുത്ത കായികമേള നടക്കുക.