
സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാംപ്യൻമാരാകുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ സമ്മാനിക്കുന്നത് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ്. ഒക്ടോബർ 22 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയുടെ സംഘാടക സമിതി യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ കായിക മേളയിലെ ജേതാക്കൾക്കും ഏർപ്പെടുത്തുന്ന സ്വർണക്കപ്പുമായി കാസർകോടു നിന്നു തലസ്ഥാനത്തേക്ക് ഘോഷയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ തവണ ആദ്യമായി ഒളിംപിക്സ് മാതൃകയിൽ കൊച്ചിയിൽ സംഘടിപ്പിച്ച കായിക മേളയിൽ മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫി ഏർപ്പെടുത്തിയിരുന്നു. വെങ്കലത്തിൽ ഡിസൈൻ ചെയ്ത ആ ട്രോഫി സ്വർണം പൊതിഞ്ഞാണ് ഇത്തവണ മുതൽ സമ്മാനിക്കുന്നത്.