

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ ലൈംഗികാരോപണം നേരിടുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ വേദി പങ്കിട്ട സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിലപാട് തിരുത്തി. ലൈംഗികാരോപണം നേരിടുന്ന വ്യക്തികൾ പരിപാടിയിൽ നിന്നും സ്വയമേവ വിട്ടുനിൽക്കണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
നിയമപരമായി ഒരു ജനപ്രതിനിധിയെ വേദിയിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ലെങ്കിൽ പോലും, പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
"കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാട്" എന്ന് ഈ സർക്കാർ വിശ്വസിക്കുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിൻ്റെ വഴിക്ക് മുന്നോട്ട് പോകട്ടെ.ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള പരിപാടികളിൽ, വിദ്യാർഥികളുടെയും പൊതുസമൂഹത്തിൻ്റെയും ധാർമിക ചിന്തകളെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ നിർദ്ദേശം നൽകും-മന്ത്രി പറഞ്ഞു.
അതേസമയം , തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി ശിവൻകുട്ടി നേരത്തെ പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലം എം.എൽ.എ. ആണെന്നും, അദ്ദേഹത്തെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു മുൻപ് മന്ത്രിയുടെ വിശദീകരണം.