
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിശ്ശിക തുക പൂർണമായും രണ്ടാഴ്ചക്കകം നൽകണമെന്ന് ഹൈകോടതി. ആഗസ്റ്റ് വരെ നൽകാനുള്ള മുഴുവൻ തുകയും വിതരണം ചെയ്യണമെന്നാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നിർദേശിച്ചത്. അല്ലാത്തപക്ഷം വീണ്ടും ഹരജി പരിഗണിക്കുന്ന ഒക്ടോബർ 14ന് പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
പദ്ധതി നടപ്പാക്കാൻ പ്രധാനാധ്യാപകർ സ്വന്തം പണം ചെലവഴിക്കേണ്ട അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) അടക്കം നൽകിയ ഹരജികളിലാണ് നിർദേശം. ജൂലൈയിലെ 60 ശതമാനവും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ തുകയും പ്രഥമാധ്യാപകർക്ക് ലഭിക്കാനുണ്ടെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു.