ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്കൂൾ മാനേജ്മെൻ്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും, ക്ലാസ് മുറിയിലേക്ക് കുട്ടികൾ വഴി തെറ്റിച്ചോടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നും സ്കൂൾ അധികൃതർ മാധ്യമങ്ങളോട് വിശദീകരിച്ചു.(School management takes responsibility for Idukki school bus accident)
വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ കോമ്പൗണ്ടിൽ ഇന്ന് രാവിലെ ഒൻപത് മണിക്ക് ശേഷമാണ് ദുരന്തം നടന്നത്. ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ ആണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിയായ ഇനയ തെഹ്സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു.
ബസിൽ നിന്നിറങ്ങിയ ഹെയ്സൽ, ബസ്സിന്റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുന്നതിനിടെയാണ് അപകടം. തൊട്ടുപിന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ബസ് കുട്ടി കടന്നുപോകുന്നത് കാണാതെ മുന്നോട്ടെടുക്കുകയും കുഞ്ഞിനെ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ഇനയ തെഹ്സിന്റെ കാലിനും പരിക്കേറ്റു.
സംഭവസമയത്ത് രണ്ട് അധ്യാപകരും ആയമാരും ഉണ്ടായിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു. അപകടത്തിന്റെ ഞെട്ടലിൽ നിന്നും ആരും മുക്തരായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഉടൻതന്നെ കുട്ടികളെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ഹെയ്സൽ ബെൻ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ഇനയ തെഹ്സിൻ ആശുപത്രിയിൽ ചികിത്സയിലാണ്.