പാലക്കാട് : പുലി ഭീതിയെ തുടർന്ന് അട്ടപ്പാടിയിലെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. അട്ടപ്പാടിയിലെ മുള്ളി ട്രൈബൽ ജി. എൽ. പി സ്കൂളിനാണ് അവധി പ്രഖ്യാപിച്ചത്. രണ്ടുദിവസമായി സ്കൂളിനു സമീപത്ത് പുലിയെത്തിയെന്നും വിദ്യാർഥികളുടെ സുരക്ഷ മുൻ നിർത്തിയാണ് അവധി പ്രഖ്യാപിച്ചതെന്നും അധികൃതർ പറഞ്ഞു.
അധ്യാപകരുടെ ക്വാർട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു. തുടർന്നാണ് നാളെ സ്കൂളിന് അവധി നൽകിയിരിക്കുന്നത്. പാലക്കാട് കാഞ്ഞിരപ്പുഴയിൽ വീട്ട് മുറ്റത്ത് പുലിയെത്തി. വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വളർത്തു നായയെ പുലി കൊണ്ടുപോയി. മൂന്ന് ദിവസം മുമ്പാണ് സംഭവം. ഇന്നലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിയുന്നത്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.