കണ്ണൂർ : എസ്എഫ്ഐ പഠിപ്പുമുടക്കിനിടെ സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ പോലീസ് കേസ്.
ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം ഉണ്ടായത്.
എസ്എഫ്ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിൻ്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകരടക്കം സ്കൂളിലെത്തിയത്. സമരമായതിനാൽ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ, വസന്ത ഇതിനെ എതിർത്തു. തുടർന്ന് വേവിക്കാൻ വെച്ചിരുന്ന അരി പ്രവർത്തകർ തട്ടിക്കളഞ്ഞു.കൈ തട്ടിമാറ്റിയപ്പോൾ ചൂടുവെള്ളം കാലിൽവീണ് പൊള്ളലേറ്റെന്നും വസന്തയുടെ പരാതിയിലുണ്ട്.