മലപ്പുറം: ദേശീയപാതയിൽ ഓണിയിൽ പാലത്തിന് സമീപം സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. (School bus and pickup lorry collide on national highway, 6 injured)
വളാഞ്ചേരിയിൽനിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന സ്കൂൾ ബസ്, മുന്നിൽ പോവുകയായിരുന്ന പിക്കപ്പ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം.ലോറിയുടെ പുറകുവശത്ത് സിമന്റ് മിക്സിങ് യന്ത്രം ഘടിപ്പിച്ചിരുന്നതിനാൽ, ഇടിയുടെ ആഘാതത്തിൽ ലോറി റോഡിലേക്ക് മറിഞ്ഞു.
സ്കൂൾ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. പിക്കപ്പ് ലോറിയിൽ ഉണ്ടായിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളായ ആറ് പേർക്കാണ് പരിക്കേറ്റത്. കഞ്ഞിപ്പുരയിൽ താമസക്കാരായ അബ്റുൾ ഇസ്ലാം, സഹദ്, സെയ്ഫു ഉസ്മാൻ, ബഹർ, നുസ്സറുൾ ഇസ്ലാം, മറ്റൊരാൾ എന്നിവരാണ് പരിക്കേറ്റവർ.
പരിക്കേറ്റ തൊഴിലാളികളെ വളാഞ്ചേരി-കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോവുകയായിരുന്ന സ്കൂൾ ബസിൽ കുറച്ച് കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. വിദ്യാർഥികൾക്ക് പരിക്കില്ല. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.