ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ കോമ്പൗണ്ടിലാണ് സംഭവം. ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ ആണ് മരിച്ചത്.(School bus accident, Play school student dies tragically in Idukki)
മറ്റൊരു വിദ്യാർത്ഥിയായ ഇനയ തെഹ്സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപത് മണിക്ക് ശേഷമാണ് ഈ ദുരന്തമുണ്ടായത്.
ഹെയ്സൽ ബസ്സിൽ തന്നെയാണ് സ്കൂളിൽ എത്തിയത്. ബസിൽ നിന്ന് ഇറങ്ങിയശേഷം കുട്ടി ബസ്സിന്റെ പിന്നിലൂടെ ക്ലാസിലേക്ക് നടന്നുപോവുകയായിരുന്നു. തൊട്ടുപിന്നിലായി മറ്റൊരു സ്കൂൾ ബസ് നിർത്തിയിട്ടിരുന്നു.
കുട്ടി കടന്നുപോകുന്നത് ശ്രദ്ധിക്കാതെ ഈ ബസ് മുന്നോട്ടെടുത്തു. ഇതോടെ കുഞ്ഞിനെ ഇടിക്കുകയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. സമീപത്തുകൂടി നടന്നുപോവുകയായിരുന്ന ഇനയ തെഹ്സിൻ എന്ന കുട്ടിയുടെ കാൽപാദത്തിനും പരിക്കേറ്റു.
ഉടൻതന്നെ കുട്ടികളെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഹെയ്സൽ ബെൻ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്കൂളിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. സ്കൂൾ അധികൃതർക്കെതിരെയും ബസ് ഡ്രൈവർക്കെതിരെയും കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.