കോഴിക്കോട്: പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഏടായ മലാപ്പറമ്പ് എ.യു.പി. സ്കൂൾ കെട്ടിടം ഇടിച്ചുനിരത്തിയ കേസിൽ മാനേജർ ഉൾപ്പെടെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.(School building demolition case, Court acquits manager and others)
സംസ്ഥാനത്ത് വലിയ ചർച്ചാവിഷയമാകുകയും പൊതുസമൂഹത്തിന്റെ ശക്തമായ പോരാട്ടത്തിലൂടെ 2016-ൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്ത വിദ്യാലയമാണ് മലാപ്പറമ്പ് എ.യു.പി. സ്‌കൂൾ.
കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വലിയ ഊർജ്ജം നൽകിയ സംഭവമായിരുന്നു മലാപ്പറമ്പ് സ്കൂൾ പ്രശ്‌നം. കുട്ടികളുടെ കുറവും സാമ്പത്തിക നഷ്ടവും ചൂണ്ടിക്കാട്ടി സ്കൂളിന്റെ പ്രവർത്തനം നിർത്താൻ മാനേജർ നിരന്തരം ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2013-ൽ സ്ഥാപനം അടച്ചുപൂട്ടാൻ അന്നത്തെ സർക്കാർ തീരുമാനമെടുത്തു.
2014 ഏപ്രിൽ 30-ന് അർദ്ധരാത്രിയിൽ ജെ.സി.ബി. ഉപയോഗിച്ച് സ്കൂൾ കെട്ടിടം ഇടിച്ചുനിരത്തിയതോടെ നാട്ടുകാരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയായിരുന്നു.
സ്കൂൾ പ്രവർത്തനം അവസാനിപ്പിക്കാനും ദേശീയപാതയോരത്തെ ഭൂമി കൈവശപ്പെടുത്താനുമായി മാനേജരും മറ്റ് ഏഴ് പേരും ഗൂഢാലോചന നടത്തി കെട്ടിടം ഇടിച്ചുനിരത്തി എന്നായിരുന്നു കേസ്. എം.എൽ.എ. ഫണ്ടിൽ ലഭിച്ച രണ്ട് കമ്പ്യൂട്ടറുകൾ, മൈക്ക് സെറ്റ് തുടങ്ങിയ പൊതുമുതലുകൾക്കും നാശനഷ്ടം സംഭവിച്ചിരുന്നു.
പ്രതികൾക്കെതിരെ ചുമത്തിയ പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. ജാമ്യം ലഭിക്കാൻ കോടതിയിൽ കെട്ടിവെച്ച തുക തിരിച്ചുനൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
"ആരാണ് കെട്ടിടം പൊളിച്ചതെന്ന് തനിക്കറിയില്ല. അത് പൊലീസ് കണ്ടെത്തട്ടേ" എന്നായിരുന്നു വിധിക്ക് ശേഷം മാനേജരുടെ പ്രതികരണം.
നിയമക്കുരുക്കുകൾക്കൊടുവിൽ ഏറെക്കാലം താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂൾ, 35 സെന്റ് സ്ഥലവും ബാക്കിയുള്ള കെട്ടിടവും നഷ്ടപരിഹാരം നൽകി 2016-ലാണ് സർക്കാർ ഏറ്റെടുത്തത്. പൊതുവിദ്യാലയ സംരക്ഷണത്തിന് വഴിത്തിരിവായ മലാപ്പറമ്പ് സർക്കാർ എ.യു.പി. സ്കൂളിൽ നിലവിൽ ഈ അധ്യയന വർഷം 162 കുട്ടികൾ പഠിക്കുന്നുണ്ട്.