

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 7376 കോടി രൂപയുടെ മൊത്തം പ്രീമിയവുമായി 10.7 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ മേഖലയില്‍ 7.3 ശതമാനം മാത്രം വളര്‍ച്ച നേടിയ പശ്ചാത്തലത്തിലാണ് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ ഈ മികച്ച പ്രകടനം.
കമ്പനിയുടെ സ്വകാര്യ വിപണി വിഹിതം മുന്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയിലെ 6.45 ശതമാനത്തില്‍ നിന്ന് 6.83 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്. 41 ശതമാനം വളര്‍ച്ച കൈവരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ്, 48 ശതമാനം വളര്‍ച്ച കൈവരിച്ച വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, 17 ശതമാനം വളര്‍ച്ച കൈവരിച്ച വാഹന ഇന്‍ഷുറന്‍സ് തുടങ്ങിയവ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ കൈവരിച്ച ഈ നേട്ടത്തിനു പിന്തുണയേകി.
ഈ കാലയളവില്‍ 422 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചിട്ടുണ്ട്. 2.13 മടങ്ങ് എന്ന ശക്തമായ സോള്‍വന്‍സി അനുപാതവും കമ്പനി നിലനിര്‍ത്തുന്നുണ്ട്.
മൊത്തത്തില്‍ ഈ വ്യവസായ മേഖല കൈവരിച്ചതിനേക്കാള്‍ 1.4 മടങ്ങ് വേഗത്തിലാണ് തങ്ങളുടെ വളര്‍ച്ചയെന്നാണ് അര്‍ധ വാര്‍ഷിക പ്രവര്‍ത്തന ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ നവീന്‍ ചന്ദ്ര ഝാ പറഞ്ഞു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടേയും ആരോഗ്യ ഇന്‍ഷുറന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടേയും പ്രകടനവുമായി താരതമ്യം ചെയ്താല്‍ മൂന്നു മടങ്ങാണിത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി തങ്ങളുടെ വിതരണ ശൃംഖല കൂടുതല്‍ ശക്തമാക്കുകയും ആഴത്തിലുള്ള പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുകയും ഡിജിറ്റല്‍ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വന്‍ തോതില്‍ വളര്‍ച്ച കൈവരിക്കാന്‍ ഇതു സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.