

കൊച്ചി: മലയാള സിനിമയിലെ ദാസനും വിജയനും പോലെ, സിനിമയ്ക്ക് പിന്നിൽ സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് വിസ്മയങ്ങളായിരുന്നു. തന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തും ഉറ്റ സുഹൃത്തുമായ ശ്രീനിവാസന്റെ വിയോഗവാർത്ത സത്യൻ അന്തിക്കാടിന് ഉൾക്കൊള്ളാനായിട്ടില്ല.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:
"മിനിഞ്ഞാന്ന് പോലും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. പോകും എന്ന് ഒരിക്കലും തോന്നിയിരുന്നില്ല. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഞാൻ ശ്രീനിയെ പോയി കാണാറുണ്ട്. രാവിലെ ചെന്നാൽ വൈകുന്നേരം വരെ അവിടെ ചെലവഴിക്കും." രോഗാവസ്ഥയിലും അദ്ദേഹത്തിന്റെ ചിന്തകളും ബുദ്ധിയും അതീവ കൃത്യതയുള്ളതായിരുന്നു. രാഷ്ട്രീയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും അദ്ദേഹം ഇപ്പോഴും സംസാരിക്കാറുണ്ടായിരുന്നു.
"കഴിഞ്ഞ തവണ കണ്ടപ്പോൾ ശ്രീനി എന്നോട് പറഞ്ഞു, എനിക്ക് മതിയായെന്ന്. കുറച്ചു നാളായി അസുഖത്തിന്റെ അവശതകൾ അനുഭവിച്ചിരുന്നല്ലോ." സന്ദേശം എന്ന സിനിമ ഇന്നും തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞുവെന്ന് പറഞ്ഞ് പൂർത്തിയാക്കാൻ കഴിയാതെ സത്യൻ അന്തിക്കാട് വിതുമ്പിപ്പോയി.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, സന്ദേശം, തലയണമന്ത്രം തുടങ്ങിയ അനശ്വര ചിത്രങ്ങൾക്ക് ജീവൻ നൽകിയത് ശ്രീനിവാസന്റെ തൂലികയായിരുന്നു. തങ്ങൾക്കിടയിലുണ്ടായിരുന്നത് വെറുമൊരു പ്രൊഫഷണൽ ബന്ധമല്ലെന്നും താൻ അനാഥനായതുപോലെ തോന്നുന്നുവെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.