

കൊച്ചി: നിവിൻ പോളി-അഖിൽ സത്യൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'സർവ്വം മായ' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. ചിത്രം ഇതിനോടകം 50 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടു കഴിഞ്ഞു. സിനിമയിലെ ഏറെ ചർച്ച ചെയ്യപ്പെട്ട 'ഡെലൂലു' എന്ന പ്രേത കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവിനെ തേടി അഭിനന്ദനപ്രവാഹം എത്തുന്നതിനിടെയാണ്, ആ വേഷത്തിലേക്ക് ആദ്യം മറ്റൊരു നടിയെയായിരുന്നു പരിഗണിച്ചിരുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തിയത്. 'ക്ലബ്ബ് എഫ്.എം'-ന് നൽകിയ അഭിമുഖത്തിലാണ് അഖിൽ സത്യൻ മനസ്സ് തുറന്നത്.
'മുറ' ഫെയിം പ്രീതി മുകുന്ദനെയായിരുന്നു ആദ്യം ഡെലൂലു എന്ന കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് സിനിമ ഒരു 'റോം-കോം' (Rom-com) ശൈലിയിലേക്ക് മാറിയപ്പോൾ കുറച്ചുകൂടി കുട്ടിത്തമുള്ള ഒരു രൂപം വേണമെന്ന് തോന്നിയതിനാലാണ് പ്രീതിയെ മാറ്റിയത്.
'മുറ' സിനിമയുടെ പ്രൊമോഷനിടെ കണ്ട സ്മാർട്ടായ ഒരു പെൺകുട്ടിയെ ശ്രദ്ധയിൽപ്പെടുകയും അത് പ്രശസ്ത നിർമ്മാതാവ് ഷിബു തമീൻസിന്റെ മകളാണെന്ന് തിരിച്ചറിയുകയുമായിരുന്നു.കേരളത്തിന് പുറത്ത് വളർന്ന റിയയ്ക്ക് മലയാളം വായിക്കാൻ അറിയില്ലായിരിക്കും എന്നാണ് അഖിൽ കരുതിയത്. എന്നാൽ സ്ക്രിപ്റ്റ് മംഗ്ലീഷിൽ വേണോ എന്ന് ചോദിച്ചപ്പോൾ "വേണ്ട ചേട്ടാ, എനിക്ക് മലയാളം വായിക്കാൻ അറിയാം" എന്ന റിയയുടെ മറുപടിയാണ് അവളെ ഉറപ്പിക്കാൻ കാരണമെന്ന് അഖിൽ പറഞ്ഞു.
ഷൂട്ടിംഗ് പൂർത്തിയായപ്പോൾ താൻ ദൈവത്തിൽ വിശ്വസിച്ചു തുടങ്ങിയെന്നും, അത്രമേൽ പോസിറ്റീവ് എനർജിയാണ് റിയ ഈ സിനിമയ്ക്ക് നൽകിയതെന്നും അഖിൽ കൂട്ടിച്ചേർത്തു. നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവായാണ് പ്രേക്ഷകർ 'സർവ്വം മായ'യെ വിലയിരുത്തുന്നത്.