
സർപ്പ ആപ്പിന്റെ ഉപയോഗം വ്യാപിപ്പിച്ചതോടെ പാമ്പു കടിയേറ്റ് മരിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി വനംവകുപ്പ്. പാമ്പു കടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിനും ജനവാസ മേഖലയിലെത്തിയ പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കുന്നതിനുമായി ആരംഭിച്ച സർപ്പ ആപ്പ് ആഗസ്റ്റിൽ അഞ്ച് വർഷം പൂർത്തിയാക്കുകയാണ്. വനം വകുപ്പ് ലഭ്യമാക്കുന്ന കണക്ക് പ്രകാരം കഴിഞ്ഞ വർഷം ജില്ലയിൽ പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
പാമ്പുകളെ തരംതിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ, ആന്റിവെനം ലഭ്യമായ ആശുപത്രികൾ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പറുകൾ തുടങ്ങിയ വിവരങ്ങളാണ് സർപ്പ ആപ്പിലുള്ളത്. പാമ്പുകളെ പിടികൂടുന്നതിനായി സംസ്ഥാനത്തുടനീളം ലൈസൻസുള്ള 3000ത്തോളം വോളന്റിയർമാർ സർപ്പയ്ക്ക് കീഴിലുണ്ട്. ഇതിൽ ജില്ലയിൽ മാത്രമായുള്ള നൂറോളം സർട്ടിഫൈഡ് വോളന്റിയർമാരിൽ 20 പേർ സജീവമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരാണ്.
ഉദ്യോഗസ്ഥർ, കൃഷിക്കാർ, ഓട്ടോ ഡ്രൈവേഴ്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ആളുകൾ വോളന്റിയേഴ്‌സായി പ്രവർത്തിക്കുന്നതായി സർപ്പയുടെ നോഡൽ ഓഫീസറും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുമായ വൈ. മുഹമ്മദ് അൻവർ പറഞ്ഞു. പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപവരെയാണ് സർക്കാർ ചികിത്സാസഹായമായി നൽകുന്നത്. നിയമപരമായി വനത്തിനുള്ളിൽ പ്രവേശിച്ച് പാമ്പുകടിയേറ്റ് മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപയും വനത്തിന് പുറത്താണെങ്കിൽ രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകും.
മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം ആന്റി വെനം സ്റ്റോക്ക് ചെയ്യാൻ ജില്ലാ തല നിയന്ത്രണ സമിതി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജനറൽ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, പേരൂർക്കട ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, യു പി എച്ച് സി തൃക്കണ്ണാപുരം, മലയിൻകീഴ് താലൂക്ക് ആശുപത്രി, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം, ഫോർട്ട് താലൂക്ക് ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, അരുവിക്കര കുടുംബാരോഗ്യ കേന്ദ്രം, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, യു പി എച്ച് സി മാമ്പഴക്കര, യു പി എച്ച് സി കല്ലാടിമുഖം എന്നിങ്ങനെ 16 ആശുപത്രികളിൽ ജില്ലയിൽ ആന്റിവെനം ലഭ്യമാക്കിയിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിൽ പാമ്പു കടിയേറ്റ് ചികിത്സയ്‌ക്കെത്തിയവരിൽ കൂടുതലും പുരുഷന്മാരാണ്. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 372 പേരാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ചികിത്സയ്‌ക്കെത്തിയത്. 2025 ജനുവരി മുതൽ ജൂൺ വരെ 226 പേർ ചികിത്സ തേടി.
ആരോഗ്യവകുപ്പിന്റെ കണക്ക് ഇപ്രകാരം
2024 ഏപ്രിൽ - 28( ചികിത്സ തേടിയവരുടെ എണ്ണം )
മെയ് - 51
ജൂൺ - 55
ജൂലൈ - 44
ആഗസ്റ്റ്- 40
സെപ്തംബർ -32
ഒക്ടോബർ - 56
നവംബർ- 39
ഡിസംബർ - 27
2025 ജനുവരി - 26
ഫെബ്രുവരി -34
മാർച്ച് -28
ഏപ്രിൽ- 44
മെയ് -49
ജൂൺ -45