

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിട്ടു എന്ന പരാതിയിൽ സന്ദീപ് വാര്യരുടെയും രഞ്ജിത പുളിക്കന്റെയും മുൻകൂർ ജാമ്യഹർജിയിൽ നാളെ (വെള്ളിയാഴ്ച) കോടതി വിധി പ്രസ്താവിക്കും.
നേരത്തെ , തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറ വ്യാഴാഴ്ച ഹർജിയിൽ വാദം കേട്ടിരുന്നു. ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ സന്ദീപ് വാര്യർ, രഞ്ജിത പുളിക്കൻ എന്നിവരുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. കേസിൽ ഒന്നാം പ്രതി മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. സന്ദീപ് വാര്യർ കേസിലെ നാലാം പ്രതിയാണ്.
കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച അതിജീവിതയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്. സൈബർ സെൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.