

സിനിമാ ലോകത്ത് നിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികളുടെ പ്രിയതാരം സംവൃത സുനിൽ ഇന്നും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. കുടുംബവിശേഷങ്ങളും യാത്രകളും ആരാധകരുമായി പങ്കുവെക്കാറുള്ള സംവൃത ഇപ്പോൾ തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തെക്കുറിച്ച് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ആദ്യമായി അമ്മയായ വർഷത്തെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകളാണ് താരം പങ്കുവെച്ചത്. "എന്റെ 2016, അന്ന് എന്റെ ലോകം അഗസ്ത്യയെ ചുറ്റിപ്പറ്റിയായിരുന്നു. ഞാൻ ആദ്യമായി മാതൃത്വം രുചിച്ചറിഞ്ഞ വർഷം," എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ലാൽ ജോസ് ചിത്രം 'രസികനി'ലൂടെ 2004-ൽ അരങ്ങേറ്റം കുറിച്ച സംവൃത, വളരെ പെട്ടെന്നാണ് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം കാലിഫോർണിയയിലാണ് താമസം.
ഇടക്കാലത്ത് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെയും 'നായികാ നായകൻ' എന്ന റിയാലിറ്റി ഷോയിലൂടെയും തിരിച്ചുവരവ് നടത്തിയെങ്കിലും, ഇപ്പോൾ കുടുംബത്തോടൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ് താരം. നാട്ടിലെത്തുമ്പോഴുള്ള വിശേഷങ്ങളും യാത്രകളും സംവൃത കൃത്യമായി ആരാധകരെ അറിയിക്കാറുണ്ട്.