
തിരുവനന്തപുരം: ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്റെ രണ്ടാം പതിപ്പിന് ഈ മാസം 27നു തിരുവനന്തപുരത്ത് തുടക്കമാവും. വിഖ്യാത ചലച്ചിത്ര സംവിധായകനും ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന കലാമേള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. സമ്മോഹന്‍ 2025 കൂടുതല്‍ ആളുകളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 26ന് മാനവീയം വീഥിയില്‍ ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും, നാഗ്പൂരില്‍ നിന്നെത്തിയ കലാകാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
സെപ്തംബര്‍ 27,28 എന്നിങ്ങനെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഒഡീഷ, തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, എന്നീ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുനൂറോളം ഭിന്നശേഷി സര്‍ഗപ്രതിഭകള്‍ പങ്കെടുക്കും. സംഗീതം, നൃത്തം, നാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് കലാപ്രകടനങ്ങള്‍ നടക്കുക. ഭിന്നശേഷി കലാകാരന്മാരായ ഫാത്തിമ അന്‍ഷി, ധന്യാരവി, ആര്യപ്രകാശ്, ആദിത്യ സുരേഷ്, അനന്യ ബിജേഷ് തുടങ്ങിയവരും സമ്മോഹനില്‍ പങ്കെടുക്കും.
ഭിന്നശേഷി കലാകാരന്മാരുടെ കഴിവുകള്‍ രാജ്യത്തിന് മുന്നില്‍ തെളിയിക്കാനുള്ള വേദിയാണ് സമ്മോഹനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു. കലാപരമായി, മികച്ച കഴിവുകളുള്ള ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടതും, അവരെ വളര്‍ത്തിയെടുക്കേണ്ടതും സമൂഹത്തിന്റെയും നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ഭിന്നശേഷിയുള്ള ആളുകളുടെ ഉന്നമനം ലക്ഷ്യമിട്ട് കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റിയുടെ (ഐഐപിഡി) പ്രവര്‍ത്തനങ്ങള്‍ക്കും സമ്മോഹന്‍ 2025 ഊര്‍ജമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍, ഡയറക്ടര്‍ ഡോ. അനില്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.