"ഈ തീക്കളി മതേതര കേരളത്തെ ചാമ്പലാക്കും"; സജി ചെറിയാനെതിരെ ആഞ്ഞടിച്ച് സമസ്ത; മോദിയോടും ഷായോടും ഉപമിച്ച് മുഖപ്രസംഗം | Samastha Suprabhatham Editorial

Samastha Suprabhatham Editorial
Updated on

കോഴിക്കോട്: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിഭജന പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സമസ്ത മുഖപത്രമായ 'സുപ്രഭാതം'. 'ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ, മന്ത്രിയുടെ വാക്കുകൾ ഉത്തരേന്ത്യയിൽ നരേന്ദ്ര മോദിയും അമിത് ഷായും പയറ്റുന്ന അതേ പ്രചാരണ തന്ത്രമാണെന്ന് പത്രം കുറ്റപ്പെടുത്തി.

മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേര് നോക്കാൻ പറയുന്ന മന്ത്രി, എന്തുകൊണ്ടാണ് കോട്ടയത്തെയും ആലപ്പുഴയിലെയും ഇടുക്കിയിലെയും കണക്കുകൾ പരിശോധിക്കാത്തതെന്ന് സുപ്രഭാതം ചോദിക്കുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് എങ്ങനെയാണ് ഇത്തരത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ സാധിക്കുന്നതെന്നും പത്രം ആരാഞ്ഞു.

2014-ൽ "ജയിച്ചവരുടെ വേഷം നോക്കൂ" എന്ന് നരേന്ദ്ര മോദി പറഞ്ഞതിന് സമാനമായാണ് "ജയിച്ചവരുടെ പേര് നോക്കൂ" എന്ന് സജി ചെറിയാൻ പറയുന്നത്. സംഘപരിവാർ നേതാക്കൾ വമിപ്പിക്കുന്ന അതേ വിദ്വേഷമാണ് ഇപ്പോൾ സി.പി.ഐ.എം നേതാക്കളിൽ നിന്നും കേൾക്കുന്നതെന്നും ഇത് ദുര്യോഗമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് പിന്നാലെ എ.കെ. ബാലനും സജി ചെറിയാനും ഒരേ സ്വരത്തിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് യാദൃശ്ചികമല്ല. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നെറികെട്ട വിഭജന രാഷ്ട്രീയമാണ് ഇതെന്നും മതേതര കേരളം ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും പത്രം മുന്നറിയിപ്പ് നൽകുന്നു.

വർഗീയതയെ ജീവൻ നൽകി ചെറുത്ത ചരിത്രമുള്ള സി.പി.ഐ.എം, ഇപ്പോൾ ആ പ്രതിരോധങ്ങളെല്ലാം റദ്ദുചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എസ്.എൻ.ഡി.പി, എൻ.എസ്.എസ് നേതാക്കളുടെ വർഗീയ വൈരം വളർത്തുന്ന പ്രസ്താവനകൾക്ക് പിന്നാലെ മന്ത്രി തന്നെ ഇത്തരം കാര്യങ്ങൾ പറയുന്നത് ആസൂത്രിതമാണെന്നും സമസ്ത ആരോപിക്കുന്നു.

വിഷലിപ്തമായ പരാമർശങ്ങൾ നടത്തുന്ന ഇത്തരം വ്യാധികൾക്ക് മതിയായ ചികിത്സയാണ് വേണ്ടതെന്ന് പരിഹസിച്ചുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നജീബ് കാന്തപുരം എം.എൽ.എയും നേരത്തെ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com